ദോഹ: ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യ എ ബംഗ്ലാദേശ് മത്സരം സൂപ്പർ ഓവറിലേക്ക്. ബംഗ്ലാദേശ് ഉയർത്തിയ 194 റൺസിന് മറുപടി പറഞ്ഞ ഇന്ത്യയും അതേ സ്കോർ നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.
അവസാന ഓവറിൽ 16 റൺസാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ അഞ്ചുപന്തിൽ നിന്ന് 12 റൺസെടുത്തതോടെ അവസാന പന്തിൽ ലക്ഷ്യം നാലുറൺസായി. ഹർഷ് ദുബെ അടിച്ച ഷോട്ടിൽ ഇന്ത്യ മൂന്ന് റൺസ് ഓടിയെടുത്തതോടെ മത്സരം ടൈ ആയി.
ആദ്യ ഓവറിൽ തന്നെ 19 റൺസെടുത്താണ് വൈഭവ് ഇന്നിംഗ്സ് ആരംഭിച്ചത്. രണ്ടാം ഓവറിലും ബംഗ്ലാദേശ് ബൗളർമാരെ പ്രഹരിച്ചതോടെ ടീം 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ എ മൂന്നോവറിൽ 49 റൺസ് അടിച്ചെടുത്തു.
എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. 15 പന്തിൽ നിന്ന് 38 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ നമാൻ ധിറും (ഏഴ്) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
44 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ടോപ് സ്കോറർ. ബംഗ്ലാദേശിനായി റാക്കിബുള്‍ ഹസനും അബു ഹൈദര്‍ റോണിയും രണ്ടു വീക്കറ്റ് വീതം വീഴ്ത്തി.